
വാഷിങ്ടണ്‍: 50 മില്യണ്‍ ബാരലിന്റെ കരുതല്‍ എണ്ണ നിക്ഷേപം പുറത്തെടുക്കുമെന്ന യുഎസ് പ്രഖ്യാപനത്തിന് അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നു. എണ്ണവില കുറക്കുന്നതിന് വേണ്ടിയാണ് കരുതല്‍ നിക്ഷേപം പുറത്തെടുക്കുമെന്ന് യുഎസ് അറിയിച്ചത്. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില വീണ്ടും 77 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡിന്റെ വിലയും 80 ഡോളറിലേക്ക് എത്തി.
മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് എണ്ണവില കുറക്കാനായി ഓയില്‍ റിസര്‍വ് പുറത്തെടുക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേര്‍ന്ന് ഓയില്‍ റിസര്‍വ് പുറത്തെടുക്കാനായിരുന്നു യുഎസ് പദ്ധതി.
അമേരിക്ക രണ്ടര ദിവസം ഉപയോഗിക്കുന്ന എണ്ണയാണ് ഇത്തരത്തില്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. കോവിഡിന് മുമ്പ് ശരാശരി 20.5 മില്യണ്‍ ബാരല്‍ എണ്ണയായിരുന്നു യു.എസ് പ്രതിദിനം ഉപയോഗിച്ചിരുന്നത്. എണ്ണ ഉല്‍പാദനത്തില്‍ വര്‍ധിപ്പിക്കില്ലെന്ന ഒപെക് നിലപാടിനെതിരെയായിരുന്നു യുഎസ് പ്രതിഷേധം.